നിനവെ നിവാസികള്‍

വിശ്വമാകെ വാണരുളും രാജരാജനായിടും
ദൈവമാം യഹോവ തന്‍ സന്ദേശമെങ്ങുമെത്തിക്കും
യോനയന്നു രാത്രിയില്‍ കിടന്നു വിശ്രമിക്കവേ
കേട്ടുകാതില്‍ ദൈവശബ്ദം ശാന്തമായി വ്യക്തമായ്

വന്‍ നഗരമാം നിനവെ വാസികളെന്‍ പാതയില്‍
നിന്നുമേറെ വിട്ടപഥ പാതയില്‍ ചരിപ്പതാല്‍
നാശമാ ജനത്തിന്മേല്‍ നിപതിച്ചീടും നിശ്ചയം
എന്നവരെ വേഗത്തില്‍ ധരിപ്പിപ്പാന്‍ പുറപ്പെടൂ

ആജ്ഞകേട്ട് യോനയുള്ളിലിവ്വിധത്തിലോര്‍ത്തു പോയ്‌
ആര്‍ക്ക് ചേതമന്യജാതിക്കാരവര്‍ നശിക്കുകില്‍
എങ്കിലും ദൈവാജ്ഞ ധിക്കരിക്കുവാന്‍ ഭയന്നയാള്‍
വേഗമടുത്തുള്ള തുറമുഖത്തേക്ക് യാത്രയായ്

കണ്ടു കപ്പലൊന്ന് യാത്രയാകുവാനൊരുങ്ങി നില്‍
പ്പത് സ്വജാതിക്കാര്‍ വസിക്കും തര്‍ശീശ് നഗരത്തിലേ
ക്കെന്നുകണ്ട് യോനയാ നിമിഷം ദൈവകല്പ്പന
വിസ്മരിച്ചിട്ടേറിയതില്‍ ക്ഷീണത്താലുറങ്ങിപ്പോയ്

തന്റെയിഷ്ടത്തിന്ന്‍ വഴങ്ങാതെയോടി നീങ്ങിടും
യോനയെ തന്‍ ദാസരാകും കാറ്റ് മത്സ്യമെന്നിവ
തന്‍ സഹായത്തോടെ ദൈവം യോന പുറപ്പെട്ട തീ -
രത്ത് തന്നെ ക്ഷേമമായി ട്ടെത്തിച്ചു മഹാശ്ചര്യം

കോപതാപമേ റി യോന നിനവേയിലെത്തിയി
ട്ടെങ്ങുമുച്ചനാദത്തിലങ്ങാര്‍ത്തു നടന്നിവ്വിധം
നാശം നാശം സര്‍വ്വനാശം വന്നിടുന്നു വേഗത്തില്‍
നാല്‍പ്പതുനാള്‍ മാത്രമീ നഗരത്തിന്ന് ശേഷിപ്പൂ

ആ നഗരവാസികള്‍ മനുഷ്യരും മൃഗങ്ങളും
രട്ടുടുത്താഹാരം വിട്ട് കേണു കാരുണ്യത്തിനായ്
നാശത്തില്‍ നിന്നാജനത രക്ഷപെട്ടങ്ങിവ്വിധം
നാശം കാണുവാന്‍ കൊതിച്ച യോനയ്ക്കിഛാഭംഗമായ്

തന്‍ തലയ്ക്ക് മീതേ തണല്‍ നല്‍കി നിന്ന നല്‍ച്ചെടി
പട്ടുപോവതില്‍ യോനയ്ക്കൊട്ടേറെ മനോദുഖമായ്
അത്യന്തം മനം കലങ്ങി ക്ഷീണത്താല്‍ മയങ്ങുമ്പോള്‍
കേട്ടുകാതില്‍ വീണ്ടും ദൈവശബ്ദമങ്ങു ശാന്തമായ്

നട്ടില്ല നനച്ചുമില്ല എങ്കിലുമീച്ചെടിയ്ക്കായ്
എത്രയോ മനം കലങ്ങി വേദനിച്ചിടുന്നു നീ
സൃഷ്ടിച്ചു ഞാന്‍ പോറ്റിടുമീ നിനവെ നിവാസികള്‍
പട്ടുപോകുമെങ്കില്‍ ഞാനും വേദനിച്ചിടില്ലയോ?

ഉള്ളടക്കം 

No comments:

Post a Comment