കള്ളന്‍ കുള്ളന്‍

കുള്ളനായ് പിറന്നു സക്കായ് കായികാദ്ധ്വാനം ചെയ്തു ജീ -
വിപ്പാന്‍ വഴി കാണാതക്ഷരാഭ്യാസം നേടി

എഴുത്തും വായനയും കണക്കും പഠിച്ചയാളൊരു
കരം പിരിവുകാരനായ് ജോലിയും നേടി
സമര്‍ത്ഥനും സത്യവാനുമായതിനാല്‍ താമസിയാ
തൊരു മേലുദ്യോഗസ്ഥനായ് കയറ്റം കിട്ടി

അന്നാ നാടുവാണത് വിദേശികളാണെന്നതിനാല്‍
കൊടും വെറുപ്പിന്നിരയായ് കരം പിരിപ്പോര്‍
വിദേശികള്‍ക്കായി നാട്ടുകാരെ കൊള്ളയടിച്ചിടും
രാജ്യദ്രോഹികളായ് മുദ്രയടിച്ചവരെ

നാട്ടുകാരും വീട്ടുകാരും ഒരുപോലെ സക്കായിയെ
കള്ളന്‍ കുള്ളന്‍ എന്ന് വിളിച്ചാക്ഷേപിക്കവേ
മൂര്‍ച്ചയേറുമൊരു കത്തി ചങ്കില്‍ കുത്തിയിറക്കും പോല്‍
അതിവേദനയോടുള്ളില്‍ വിലപിച്ചയാള്‍

നാട്ടാരുടെ പ്രീതിക്കായി ജോലി വിടാമെന്ന് വച്ചാല്‍
പെരുവഴി ആധാരമായ് പരിണമിക്കും
ദൈവപുരുഷനെന്ന്‍ പ്രകീര്‍ത്തിതനാം യേശുദേവന്‍
ആയിടയ്ക്കാ പട്ടണത്തില്‍ ആഗതനായി

ഒരു നോക്കാ മുഖമൊന്നു കാണുവാനായ് കൊതിച്ചിട്ടാ
കുട്ടിക്കാലുകള്‍ പെറുക്കി ഓടി കുള്ളനും
ഗുരുവെപ്പൊതിഞ്ഞനേകം പുരുഷാരം നിന്നതിനാല്‍
പെട്ടന്നടുത്തു കണ്ടതാം അത്തിമരത്തില്‍

അന്നാനെപ്പോലതിവേഗം വലിഞ്ഞുകയറി പിന്നെ
ഗുരുവിന്റെ മുഖം തേടി കണ്‍കള്‍ അലഞ്ഞു
ഗുരുവിന്‍ കണ്‍കളതിന്നും മുന്നേ കണ്ടു സക്കായി തന്‍
മുഖവുമാ ഹൃദയത്തിന്‍ അതിവ്യഥയും

ഗുരു ചൊന്നാന്‍ എന്നെ കാണ്മാന്‍ ഇത്രയും കാംക്ഷിച്ച നിന്‍റെ
ഭവനത്തില്‍ അതിഥി ഞാന്‍ ഇറങ്ങി വരൂ
കള്ളന്‍ കുള്ളന്‍ എന്നറിയപ്പെടും തന്‍റെ ഭവനത്തില്‍
യേശുദേവന്‍ അതിഥിയോ വിസ്മയിച്ചയാള്‍

അന്നുരാത്രി യേശുദേവന്‍ തന്‍പ്രിയ ശിഷ്യരുമൊപ്പം
സക്കായി തന്‍ ഭവനത്തില്‍ അതിഥിയായി
വ്യഥയെല്ലാം നീങ്ങി ആനന്ദത്തില്‍ കുളിച്ചു നില്‍ക്കവേ
ഇവ്വിധത്തില്‍ യേശുദേവനോട് ചൊന്നയാള്‍

എന്താശ്ചര്യം ദൈവപുരുഷനാമങ്ങേ സന്നിധിയില്‍
ആനന്ദക്കടലില്‍ നീന്തിക്കുളിച്ചിടുന്നേന്‍
ദിവ്യസ്നേഹമെന്നുള്ളത്തില്‍ നിറഞ്ഞു കവിഞ്ഞിടുന്നു
സഹജീവികളിലേക്കതൊഴുകിടുന്നു

ദൈവമെനിക്കേകിയതാം സമ്പത്തില്‍ പകുതിയിന്ന്
ദരിദ്രര്‍ക്കായേകീടും ഞാന്‍ ഇത് നിശ്ചയം
സ്വപ്നമോ ഇതെന്ന് സംശയിച്ചു നില്‍ക്കും ജനത്തോടായ്
ഭയമെന്യേ വെല്ലുവിളി ഉയര്‍ത്തി സക്കായ്

ചതിവായി കരം ആരോടെങ്കിലും ഞാന്‍ പിരിച്ചെങ്കില്‍
നാലുമടങ്ങായത് ഞാന്‍ മടക്കിയേകും
പുഞ്ചിരിച്ചുകൊണ്ട് ഗുരു ചൊന്നു ചുറ്റും നില്‍പ്പവരോ
ടിവനുമബ്രഹാമിന്‍ തന്‍ മകനല്ലയോ

സമ്പന്നനെങ്കിലും മനം സമ്പത്തതില്‍ വച്ചിടാതെ
അബ്രഹാമെപ്പോല്‍ ദൈവത്തിലര്‍പ്പിച്ചിവനും
ഇത്രമഹാ മനസ്സിന്റെ ഉടയവനാമിയാളെ
നിങ്ങളിലൊരുത്തനായി സ്വീകരിക്കില്ലേ

ഉള്ളടക്കം 

No comments:

Post a Comment