സ്വര്‍ഗ്ഗവും നരകമായ് തോന്നിടും

ക്രൂശിതരായി പോലും ചോരന്മാര്‍ രണ്ടാളുകള്‍
യേശുവിനോട് കൂടെ ഇരുഭാഗത്തുമായി

യേശുവോടുരചെയ്താന്‍ ഇടത്തുകിടപ്പവന്‍:
പോര നിനക്കീ ശിക്ഷ ഞാനോ നിരപരാധി
ഇക്കാലമെല്ലാമൊരു ദിവ്യനായ് നിന്നെക്കണ്ട്
കൂടി പിറകേയേറ്റം വകതിരിവില്ലാത്തോര്‍

കടുകുമണിയോളം ദിവ്യസിധിയുള്ളവന്‍
കിടക്കുമോ ക്രൂശിങ്കല്‍ ഇവ്വിധം ഞങ്ങളെപ്പോല്‍
ദിവ്യത്വം ലേശമില്ലാതൊരു ദിവ്യനായ് നടി
ച്ചൊരുനാടിനെ വഞ്ചിച്ചവന്‍ നീ കൊടുംകള്ളന്‍

പോര നിനക്കീ ശിക്ഷ വിശന്നു വലഞ്ഞിടും
ചെന്നായ്ക്കള്‍ക്കാഹാരമായ് നിന്‍ ദേഹം തീര്‍ന്നിടണം
അല്ല നീ ദിവ്യനെങ്കില്‍ രക്ഷിക്ക സ്വയം വേഗം
ക്രൂരമാമെന്‍ വാക്കുകള്‍ തിരികെയെടുക്കാം ഞാന്‍

എന്തോരനീതി ദിനം തോറും നടപ്പൂ ഭൂവില്‍
ഇപ്പെരും കള്ളനൊപ്പം ഞാനും കിടപ്പൂ ക്രൂശില്‍
ജീവിതം പുലര്‍ത്താനായ് ചില്ലറ തല്ലും കൊല്ലും
നടത്തിയെന്ന പേരില്‍ എകിയെനിക്കീ ശിക്ഷ

കണ്ടിട്ടും കാണാത്ത പോല്‍ നിഷ്ക്രിയനായി മേലെ
ഇരിപ്പോന്‍ നീതിമാനോ ആര്‍ക്കെന്‍ സംശയം തീര്‍ക്കാം

ഉത്തരമായിട്ടോതി വലത്ത് കിടപ്പവന്‍:
തീര്‍ത്തിടാം സംശയം ഞാന്‍ കേട്ടിടൂ ശ്രദ്ധാപൂര്‍വ്വം
സ്വന്തം വിയര്‍പ്പ് കൊണ്ട് ജീവിതം കഴിക്കാതെ
അന്യന്റെ അധ്വാനഫലം കൊള്ളയടിച്ചോര്‍ നാം

കണ്ണില്‍ച്ചോരയില്ലാതെ എത്രയോ പാതകങ്ങള്‍
ചെയ്തൊരീ നാടിനെ മുടിച്ചവര്‍ നമ്മളോര്‍ക്ക
പോര നമുക്കീ ശിക്ഷ വിശന്നുവലഞ്ഞിടും
കഴുകന്മാര്‍ നമ്മളെ കൊത്തിപ്പറിച്ചിടണം

എങ്കിലോ പെരുങ്കള്ളനെന്ന്‍ നീ വിളിച്ചവന്‍
സ്വന്തം വിയര്‍പ്പ് കൊണ്ട് ജീവിതം കഴിച്ചവന്‍
വേദനിച്ചിടും നാടിന്‍ വേദനയകറ്റുവാന്‍
ദൈവനിയോഗം പ്രാപിച്ചിറങ്ങിത്തിരിച്ചവന്‍

ജനസമ്മതി, സുഖം, സമ്പത്തെന്നിവ മൂന്നും
തൃണം പോല്‍ ഗണിച്ചവന്‍ ദൈവേഷ്ടം മാത്രം തേടി
ഉണ്ട് ദിവ്യസിദ്ധികളേറെയെന്നാലുമൊന്നു
പോലും സ്വനന്മയ്ക്ക് മുഖാന്തരമായിട്ടില്ല

രോഗികള്‍ക്കവനേകി സൌഖ്യം സ്പര്‍ശനത്താലെ
ദുഖിതര്‍ക്കാശ്വാസവും ഏകി തന്‍ മൊഴികളാല്‍
പാപികളെന്ന്‍ വിളിക്കപ്പെടും ഹതഭാഗ്യര്‍-
ക്കൊരുസ്നേഹിതനായി നാടെങ്ങും ചരിക്കവേ

നീതിമാന്മാര്‍ തങ്ങളെന്നുറച്ച് മറ്റുള്ളോരെ
പാപികളായ് മുദ്രയടിച്ചിടുമൊരു ഒരു പറ്റം
ചെന്നായ്ക്കള്‍ ഇടയവേഷധാരികളായെത്തി
ഈ പുണ്യപുരുഷനെ കടിച്ചുകീറി കഷ്ടം

അന്ധനായ്‌ കഴിച്ചുപോയ് നിന്നെപ്പോലെന്‍ ജീവിതം
കണ്ണുകള്‍ തുറക്കുവാന്‍ താമസിച്ചുപോയി ഞാന്‍
നന്മ തന്‍ മൂര്‍ത്തീഭാവമാകുമീ പുരുഷനില്‍
ദര്ശിപ്പൂ നന്മ മാത്രം ചെയ്തിടും സര്‍വേശനെ

തിന്മകളോരോന്നായി ചെയ്തിടുമ്പോഴൊക്കെ നാം
ഈശന്‍ തന്‍ കരങ്ങളില്‍ ആണികള്‍ തറയ്ക്കുന്നു

ഇവ്വിധമുത്തരമായ് ചൊല്ലിയിട്ടേശുവോടായ്
ശാന്തസ്വരത്തിലോതി : യേശുവേ മഹോന്നതാ
തിന്മയ്ക്ക് വിജയമോ ക്ഷണഭംഗുരമത്രേ
നന്മയ്ക്ക് വിജയമോ ആത്യന്തികവുമത്രേ

നന്മ തന്‍ ജയം കാണ്മാന്‍ എന്‍ കണ്‍കള്‍ കൊതിക്കുന്നേ
എന്ന് വരുമാ ദിനം അന്ന് നീ പൂജ്യനാകും

വേദനകൊണ്ട് പിടഞ്ഞീടുമാ വേളയിലും
ആനന്ദതുന്ദിനായ് യേശു ഇവ്വിധമോതി
കേട്ടു ഞാന്‍ സഹോദരാ നിന്റെ ഭാഷണമെല്ലാം
നിന്നെക്കുറിച്ച് സ്വര്‍ഗ്ഗം ആഹ്ലാദിപ്പതോര്‍ത്താലും

കണ്ടിടാം വീണ്ടുമിന്ന്‍ പരദേശത്ത് തമ്മില്‍
നന്മ മാത്രമുള്ളൊരു ലോകമാണതോര്‍ക്കുക
എങ്കിലും നന്മ കണ്ടാല്‍ തിന്മയായ് തോന്നുവോര്‍ക്ക്
സ്വഗ്ഗവും നരകമായ് തോന്നിടും എത്ര കഷ്ടം

ഉള്ളടക്കം 

No comments:

Post a Comment