നല്ലൊരു ജീവിതം ലക്ഷ്യമാക്കാം

ആഹാരം വസ്ത്രം ഭവനമെന്നിങ്ങനെ
ജീവിതാവശ്യങ്ങളേറെയുണ്ട്
എങ്കിലുമീയാവശ്യങ്ങള്‍ക്കായാകുല-
പ്പെട്ട് നാം നാള്‍കള്‍ കഴിച്ചുകൂടാ

ജീവിക്കുവാന്‍ വേണമാഹാരമെങ്കിലോ
ജീവിതം ഭക്ഷിപ്പാനാകരുത്
നല്ലൊരു ജീവിതം ലക്ഷ്യമായീടണം
ജീവിക്കുവാന്‍ വേണ്ടി ഭക്ഷിച്ചിടാം

വാനത്തില്‍ പാറിപ്പറക്കുന്ന പക്ഷികള്‍
ജീവിക്കുന്നില്ല ഭക്ഷിക്കുവാനായ്
വിത്തുവിതയ്ക്കുന്നില്ല കൊയ്യുന്നില്ലവ
കൂട്ടിവയ്ക്കില്ല കളപ്പുരയില്‍

വസ്ത്രം ദേഹത്തിന്‍ സുരക്ഷയ്ക്കാണെങ്കിലും
ദേഹം വസ്ത്രത്തിന് വേണ്ടിയല്ല
ആരോഗ്യത്തോടുള്ള ജീവിതം ലക്ഷ്യമാ-
ക്കീടണം വസ്ത്രമതിന്ന് മാര്‍ഗ്ഗം

കാട്ടില്‍ വളരുന്ന പുല്‍ച്ചെടികള്‍ കാണ്മിന്‍
വസ്ത്രങ്ങള്‍ നെയ്തുകൂട്ടുന്നില്ലവ
എങ്കിലുമെത്രയോ സൌന്ദര്യത്തോടവ
നില്‍ക്കുന്നു വര്‍ണാഭശോഭയോടെ 

നോക്കുവിന്‍ ചുറ്റിലും സസ്യജാലങ്ങള്‍ പ-
റവകള്‍, മത്സ്യങ്ങള്‍, നാല്‍ക്കാലികള്‍
എന്നിവയെക്കാളുമെത്രയോ ശ്രേഷ്ടമാ-
യീശ്വരന്‍ സൃഷ്ടിച്ചു മാനുഷനെ

ഈശന്റെയിഷ്ടം പോല്‍ തേടാം നമുക്ക് സ-
മാധാനമുള്ളൊരു നല്‍ജീവിതം
അപ്പോള്‍ നമുക്കുണ്ടായീടുമാഹാരവും
മറ്റെല്ലാ ജീവിതാവശ്യങ്ങളും

മത്തായി 6: 25--34

ഉള്ളടക്കം 

No comments:

Post a Comment