എന്‍റെ ദീനസ്വരം

ദിവ്യരാജന്‍ തേജസ്സോടെ വാനമേഘെ ദൂതരുമായ്
ആഗതനായ് സിംഹാസനെ ആരൂനാകും
സര്‍വഭൂവാസികളെയും തന്മുമ്പില്‍ വിളിച്ചുകൂട്ടും
ഇടംവലമായവരെ വേര്‍തിരിച്ചിടും

വലഭാഗെ നില്‍പ്പവരോടിപ്രകാരമുരചെയ്യും:
വരുവിനെന്‍ രാജ്യമവകാശമാക്കുവിന്‍
വിശന്നപ്പോളാഹാരവും ദാഹിച്ചപ്പോള്‍ കുടിപ്പാനും
നഗ്നനായപ്പോള്‍ വസ്ത്രവുമേകിയെനിക്ക്
കിടക്കുവാനിടമേകി രോഗത്തിലാശ്വാസമേകി
തടവിലായപ്പോഴും കൈവെടിഞ്ഞതില്ല

ഇടത്തുനില്‍പ്പവരോടോ: പോകൂ ശാപഗ്രസ്തര്‍ നിങ്ങള്‍
പൈശാചികരെ വിഴുങ്ങും നിത്യാഗ്നി തന്നില്‍
വിവസ്ത്രനായ് ദാഹാര്‍ത്തനായ് പട്ടിണിക്കോലമായ് ഞാനാ
ത്തെരുക്കോണില്‍ പുഴുതുല്യം ചുരുണ്ടുകൂടി
കിടന്നെന്നുമെങ്കിലുമൊരൊറ്റത്തവണ പോലും തി
രിഞ്ഞൊന്ന് നോക്കുവാന്‍ മെനക്കെട്ടില്ല നിങ്ങള്‍

ഇതുകേള്‍ക്കെ ആശ്ചര്യത്തോടവര്‍ ചോദിക്കുമിങ്ങനെ:
സത്യമായും അങ്ങേയെങ്ങും കണ്ടതേയില്ല

ഉത്തരമായ് രാജാവോതും: കേഴുന്നോര്‍ തന്‍ മുഖത്തേക്ക്
സൂക്ഷിച്ചൊന്നു നോക്കിയെങ്കില്‍ കണ്ടേനെ നിങ്ങള്‍
ഇറ്റു ദാഹജലത്തിനായ് കേഴും സ്വരം ശ്രദ്ധിച്ചെങ്കില്‍
അറിഞ്ഞേനെ എന്റേത് താനാദീനസ്വരം

ഉള്ളടക്കം 

No comments:

Post a Comment