ദൈവത്തിന്‍റെ സ്നേഹം

ഈശനെ നാമേറ്റം സ്നേഹിക്കുമെങ്കിലോ
ഈശനും സ്നേഹം തിരിച്ച് നല്‍കും
ഈശനോടൊട്ടും സ്നേഹം നമുക്കില്ലെങ്കില്‍
ഈശനും സ്നേഹിക്കുകില്ല നമ്മെ

സത്യമീ ധാരണയെന്നാര്‍ക്കും തോന്നിടാം
ചിന്തിക്കില്‍ കാണാമിതിന്നബദ്ധം
മാനുഷരെപ്പോലെയാണ് സര്‍വേശ്വരന്‍
എന്ന്‍ ചിന്തിപ്പത് മൌഢ്യമത്രേ

സൂര്യനില്‍ നിന്ന്‍ വെളിച്ചം വരുമ്പോലെ
ഈശനില്‍ നിന്ന്‍ വരുന്നു സ്നേഹം
സൂര്യനില്‍ നിന്നന്ധകാരം വരാത്തപോല്‍
ഈശനില്‍ നിന്ന്‍ വരില്ല വൈരം

ഏവരെയും സൃഷ്ടി ചെയ്തതാമീശ്വരന്‍
ഏവര്‍ക്കും നന്മ ഇച്ഛിച്ചിടുന്നു
തിന്മയാര്‍ക്കെങ്കിലുമുണ്ടായിക്കാണുവാന്‍
കാംക്ഷിക്കുന്നേയില്ല സര്‍വേശ്വരന്‍

ഈശനെ നാം സ്നേഹിച്ചാലും വെറുത്താലും
ഈശന്റെ സ്നേഹത്തില്‍ മാറ്റമില്ല
ഏവര്‍ക്കും സൂര്യന്‍ പ്രകാശം നല്‍കുന്ന പോല്‍
ഏവര്‍ക്കുമീശനേകുന്നു സ്നേഹം

നമ്മുടെ സ്നേഹമോ നമ്മുടെ നന്മയോ
കണ്ടല്ല നമ്മെ സ്നേഹിപ്പതീശന്‍
സൂര്യന്‍ പ്രകാശം ചൊരിയുമ്പോലീശന്‍ പ്ര -
കൃത്യാ തന്‍ സ്നേഹപ്രഭ ചൊരിവൂ 

ഈശ്വരനിങ്ങനെയാകുന്നുവെന്നറി-
യുമ്പോള്‍ നാം സ്നേഹിക്കുമേവരെയും
നമ്മെ സ്നേഹിക്കുവോരെയും വെറുപ്പോരെ-
യും സ്നേഹിച്ചീടും നാം ഭേദമെന്യേ

ഉള്ളടക്കം 

No comments:

Post a Comment