ഏവരെയും ഒരു പോലെ മാനിക്കാം

നാം സ്വയമെങ്ങനെ മാനിച്ചിടുന്നുവോ
അവ്വിധം മാനിക്കാമേവരെയും
കാണാം മനുഷ്യനെ മാനുഷനായിട്ട്
മറ്റ് വിധങ്ങളില്‍ കണ്ടിടാതെ

നാം സ്വയം മാനിക്കും കീശയ്ക്കുള്ളില്‍ പണം
കൂടിയെന്നാലും കുറഞ്ഞെന്നാലും
അവ്വിധമാരെയും മാനിച്ചിടാം കീശ-
യ്ക്കുള്ളിലെന്തുണ്ടെന്ന് നോക്കിടാതെ

നാം സ്വയം മാനിക്കും നമ്മുടെ വസ്ത്രത്തിന്‍
മോടി കുറഞ്ഞാലുമേറിയാലും
അവ്വിധമാരെയും മാനിച്ചിടാം വസ്ത്ര-
ത്തിന്‍ മോടിയൊട്ടും ഗൌനിച്ചിടാതെ

നാം സ്വയം മാനിക്കും നമ്മുടെ ദേഹമി-
രുണ്ടതായാലുമ തല്ലെങ്കിലും
അവ്വിധമാരെയും മാനിച്ചിടാം ദേഹ-
ത്തിന്‍ നിറമൊട്ടും ഗൌനിച്ചിടാതെ

നാം സ്വയം മാനിക്കും നാട്ടിലെമ്പാടുമ -
റിയപ്പെട്ടെന്നാലുമില്ലെങ്കിലും
അവ്വിധമാരെയും മാനിച്ചിടാമവര്‍-
ക്കുള്ള പ്രശസ്തി ഗൌനിച്ചിടാതെ

നാം സ്വയം മാനിക്കും നാം വസിക്കും വീട്
കൊട്ടാരമായാല്‍ കുടിലൊന്നായാല്‍
അവ്വിധമാരെയും മാനിച്ചിടാമവര്‍ -
ക്കുള്ള വീടെവ്വിധമായെന്നാലും

നാം സ്വയം മാനിക്കും നമ്മുടെ സ്ഥാനമ -
ത്യുന്നതമായാലുമല്ലെങ്കിലും
അവ്വിധമാരെയും മാനിച്ചിടാമവര്‍-
ക്കുള്ള സ്ഥാനത്തെ ഗൌനിച്ചിടാതെ

ഉള്ളടക്കം 

No comments:

Post a Comment