സുന്ദരമാനസം

ഭീതിയാരിലും ജനിപ്പിച്ചീടുമൊരു ദേഹവും
ദുഖഭാരത്താല്‍ നിലം പറ്റിയൊരു മനസ്സുമായ്
പാര്‍ത്തിരുന്നു സാധുവാമൊരു മനുഷ്യജീവിയാ
യീഹൂദിയാ നാട്ടില്‍ നിര്‍ജ്ജനമൊരു തെരുവതില്‍

കുഷ്ടമെന്ന വ്യാധി ഹീനപാപത്തിന്‍ ഫലമഹോ
എന്ന ചിന്തയാലയാളെ ദര്‍ശിക്കുന്ന മാത്രയില്‍
വേഗമാരും പേപിടിച്ച നായ ഒന്നതെന്ന പോല്‍
കല്ലുകള്‍ പെറുക്കി ആട്ടി ഓടിച്ചീടും നിശ്ചയം

എങ്കിലോ തനിക്ക് ജീവനേകി എന്നും പോറ്റിടും
ഈശ്വരന്റെ ദൃഷ്ടിയില്‍ താന്‍ പ്രിയനെന്ന്‍ വിശ്വസി
ച്ചാശയേതും കൈവിടാതെ ദൈവത്തിന്‍ തൃപ്പാദത്തില്‍
സാധുവയാള്‍ പൂര്‍ണമായ് സമര്‍പ്പണം ചെയ്താശ്ചാര്യം

ഭ്രാന്തന്‍ നായ പോലെ തന്നെ കണ്ടിടും സഹജരോ
ടേതും കയ്പ്പ് തോന്നിടാതെ നന്മയാശംസിച്ചുകൊ
ണ്ടാ വിരൂപമായിടുന്ന ദേഹത്തിന്റെയുള്ളിലായ്
വാസം ചെയ്തു രൂപഭംഗിയേറുമൊരു ദേഹിയും

അന്നൊരുനാള്‍ യേശുദേവന്‍ അത്തെരുവതിലൂടെ
പോകുന്നേരമോടിയെത്തിയാശയോടാ സാധുവും
വീണു സാഷ്ടാംഗം ഹൃദയം പൊട്ടി വിലപിച്ചയാള്‍
ഇഷ്ടമെങ്കില്‍ സൌഖ്യമേകാന്‍ അങ്ങേയ്ക്കായിടും പ്രഭോ

വൈകൃതമാം ദേഹമതില്‍ സുന്ദരമാം മാനസം
കണ്ടു ദേവന്‍ ആഹ്ലാദപുരസ്സരമാ സാധുവെ
തന്‍കരത്താല്‍ തല്‍ക്ഷണത്തില്‍ സൌഖ്യമാക്കി പൂര്‍ണമായ്
ദേഹവും ആ മാനസം പോല്‍ സുന്ദരമായ്‌ തീര്‍ന്നു ഹാ!

ഉള്ളടക്കം 

No comments:

Post a Comment