ഐശ്വര്യപൂര്‍ണമാം ജീവിതം

ഐശ്വര്യപൂര്‍ണമാം മാനുഷജീവിതം
നേരിട്ട് ഞങ്ങളനുഭവിച്ചു
കേട്ടു ഞങ്ങളത് കണ്ടു ഞങ്ങളത്
കൈകളാല്‍ തൊട്ടുമറിഞ്ഞു ഞങ്ങള്‍

ആ ശേഷ്ഠജീവിതം ആദിയിലുണ്ടായി -
രുന്നെന്നാല്‍ പിന്നീടപ്രത്യക്ഷമായ്
എന്നാലോ നമ്മള്‍ക്കിടയിലിക്കാലത്ത്
വീണ്ടുമാ ജീവിതം പ്രത്യക്ഷമായ്

ആ ശ്രേഷ്ഠജീവിതത്തെക്കുറിച്ചുള്ള സദ്‌ -
വാര്‍ത്ത ഞങ്ങള്‍ പ്രഘോഷിച്ചിടുന്നു
ഏവര്‍ക്കുമാ ശ്രേഷ്ഠജീവിതത്തില്‍ പങ്ക്
വേണമെന്നാശിച്ചിടുന്നു ഞങ്ങള്‍

ഈശനോടൊത്ത് നാം സൌഹൃദത്തോടും സ-
ന്തോഷത്തോടും സമാധാനത്തോടും
ജീവിപ്പതത്രേ ആ ശ്രേഷ്ഠമാം ജീവിതം
സാധ്യമത്രേ അതിന്നും നമുക്ക്

ആ ജീവിതത്തെക്കുറിച്ച് പഠിപ്പിച്ച-
തിന്നൊരു മാതൃക ഞങ്ങള്‍ക്കായി
കാട്ടിത്തന്നതേശുവത്രേ തന്നില്‍ നിന്നും
ഞങ്ങള്‍ പഠിച്ചത് ചൊല്ലിടാം ഞാന്‍

ഈശന്‍ പ്രകാശമത്രേ ഇല്ലയീശനില്‍
അന്ധകാരത്തിന്‍ കണിക പോലും
സൗഹൃദം തന്നോട് വേണമെന്നാകിലോ
കാപട്യം തള്ളണം പൂര്‍ണമായി

കാപട്യം അന്ധകാരം തന്നെയാകയാല്‍
പാടില്ല കാപട്യമൊട്ടും നമ്മില്‍
വേണ്ടതേറ്റം സത്യസന്ധമാം ജീവിതം
കാപട്യമൊട്ടും നമുക്ക് വേണ്ട

തെറ്റുകളേതുമൊരിക്കലും ചെയ്യാതെ
നന്മ മാത്രം ചെയ്വതീശനല്ലോ
ഈശനെപ്പോലറിവില്ല നമുക്കതാല്‍
ചെയ്യുന്നതൊക്കെയബദ്ധമാകാം

ഇക്കാര്യം സമ്മതിക്കാതെ കപടത
യോടെ നാമെന്നെന്നും ജീവിക്കുകില്‍
ഇല്ല സാധിക്കില്ല സൌഹൃദമീശനോ -
ടെത്രയും ശത്രുതയില്‍ തുടരും

നാം ചെയ് വതൊക്കെ ശരിയെന്ന്‍ സ്ഥാപിച്ച്
മറ്റേവരേയും കുറ്റപ്പെടുത്തി
ജീവിക്കുകില്‍ നാമീ ഭൂമിയില്‍ മേല്‍ക്കുമേല്‍
കൂട്ടിടും വൈരവും വൈഷമ്യവും

എങ്കിലോ തെറ്റുകള്‍ ചെയ്യുന്നവര്‍ നമ്മള്‍
എന്ന്‍ തുറന്ന്‍ നാം സമ്മതിച്ചാല്‍
എല്ലാം പൊറുത്ത് മാറോടണയ്ക്കും നാഥന്‍
സൌഹൃദമുണ്ടാകു മീശനോട്

തമ്മില്‍ ക്ഷമിച്ച് ക്ഷമ ചോദിച്ച് സദാ
സൗഹൃദം നട്ടുവളര്‍ത്തിടും നാം
അങ്ങനെ ഐശ്വര്യപൂര്‍ണമാം ജീവിതം
വീണ്ടുമുണ്ടാകുമീ ഭൂതലത്തില്‍

1 യോഹന്നാന്‍ 1: 1--10

ഉള്ളടക്കം 

No comments:

Post a Comment