കാരുണ്യവാനായ പിതാവ്

ഉണ്ടിരുമക്കളെനിയ്ക്കതില്‍ രണ്ടാമന്‍
ഓഹരിയുമായി പോയി ദൂരെ
ഭാഗ്യക്കേടാലോ അപക്വതയാലോ അ-
വന്നുള്ളതൊക്കെയും നഷ്ടമായി

അന്നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിപ്പാന്‍
പോലുമവനന്നൊരുക്കമായി
എങ്കിലും പന്നിക്ക് നല്‍കും വില പോലും
നല്‍കിയില്ലാ ദുഷ്ടരെന്‍ മകന്

ജീവന്‍ ത്യജിക്കുവാന്‍ പോലുമൊരുങ്ങിയൊ -
ടുവില്‍ തിരികെയിവിടെയെത്തി
ചൊന്നവനെന്നോട് പുത്രനായല്ലൊരു
വേലക്കാരനായ് കഴിഞ്ഞുകൊള്ളാം

തെറ്റുകളെത്രയോ ചെയ്തവനെങ്കിലും
ആകുന്നവനെന്റെ പ്രിയപുത്രന്‍
കുഞ്ഞിലേ കാണുന്നതല്ലേ അവനെ ഞാന്‍
തള്ളിക്കളയുവാനാകുകില്ല

ജീവിക്കുവാന്‍ വഴി കാണാതെ എന്മകന്‍
ജീവനുപേക്ഷിച്ചിരുന്നെങ്കിലോ
എന്നുള്ളമെത്രയോ വേദനിച്ചേനെയെ -
നിക്കതോര്‍ക്കാന്‍ കൂടി സാധ്യമല്ല

മൂത്തമകനാണ് പ്രശ്നമിപ്പോളവന്‍
എന്നെപ്പോലല്ലവന്‍ ചിന്തിപ്പത്
തെറ്റ് ചെയ്തെങ്കിലതിന്‍ ഫലം മറ്റവന്‍
എല്ക്കണമെന്ന പിടിവാശിയില്‍

വീട്ടിനുള്ളില്‍ കയറീടുവാന്‍ പോലും വി -
സമ്മതിച്ച് നില്‍പ്പൂ മുറ്റത്തവന്‍
എന്ത് പറഞ്ഞിട്ടവന്‍ മനം മാറ്റിടും
എന്നറിയാതെ കുഴങ്ങുന്നു ഞാന്‍

രണ്ടാളുമെന്നുടെ മക്കളല്ലേ അവ-
രോടെനിക്കുള്ളത് സ്നേഹമല്ലേ!
തെറ്റുകളെല്ലാം പൊറുക്കുവാനല്ലാതെ
കുറ്റം വിധിക്കാനെനിക്കാവുമോ !

ഉള്ളടക്കം 

No comments:

Post a Comment