ഭൂതലം സ്വര്‍ഗ്ഗമാകും

മാനുഷനാദിയില്‍ ഐശ്വര്യപൂര്‍വ്വമീ
ഭൂതലത്തില്‍ വാസം ചെയ്തുപോന്നു
സൌഹൃദമീശനോടുണ്ടായിരുന്നതാല്‍
ഈശനവര്‍ക്ക് മദ്ധ്യേ വസിച്ചു

സൌഹൃദമെല്ലാ മൃഗങ്ങളോടും പുലര്‍-
ത്തിയവരാമോദാല്‍ പാര്‍ത്തുപോന്നു
സൗഹൃദം സസ്യജാലങ്ങളോടും പുലര്‍-
ത്തിയതാല്‍ സമ്പല്‍സമൃദ്ധിയേറി

എങ്കിലാ ഐശ്വര്യം ദീര്‍ഘനാള്‍ നിന്നില്ല
ഭീതിയും വൈരവുമേറിയെങ്ങും
ഈശന്റെ പേരിലും ഭിന്നിച്ചു മാനുഷന്‍
സൌഹൃദവും നഷ്ടീഭൂതമായി

എല്ലാമറിയാം തനിക്കെന്ന് ഭാവിച്ച്
മാനുഷന്‍ ദൈവസിംഹാസനത്തില്‍
ഏറിയതാലീശ്വരന്ന് മനുഷ്യന്‍റെ
ജീവിതത്തില്‍ സ്ഥാനമില്ലാതെയായ്

താന്‍ ചെയ്വതെല്ലാം ശരിയെന്ന് ഭാവിച്ച്
കുറ്റക്കാരായ് മറ്റുള്ളേവരെയും
കണ്ടുകൊണ്ടെത്രയഹങ്കാരത്തോടെ മ -
നുഷ്യന്‍ പെരുക്കി വൈരത്തിന്‍ വിഷം

അങ്ങനെ സ്വര്‍ഗ്ഗം പോല്‍ സന്തോഷവും സമാ -
ധാനവും തിങ്ങി നിറഞ്ഞ ഭൂമി
ആശങ്കയും വൈരവും കലഹങ്ങളും
തിങ്ങി നിറയും നരകമായി

വീണ്ടുമീ ഭൂമിയെ നാകമായ് മാറ്റുവാന്‍
സാധിക്കുമെന്ന സദ്വാര്‍ത്ത ചൊല്‍വൂ
കാലങ്ങളായ് സ്വര്‍ഗ്ഗദൂതന്മാരായ് ഭൂവില്‍
ആഗതരായിടും പുണ്യവാന്മാര്‍

എല്ലാമറിവത് സര്‍വേശ്വരന്‍ മാത്രം
എന്ന് തിരിച്ചറിയേണം മര്‍ത്യന്‍
തെറ്റുകളേതും വരുത്താത്തതുമീശന്‍
മാത്രമെന്നുമറിയേണം നമ്മള്‍

അപ്പോള്‍ ക്ഷമിക്കുവാനും ക്ഷമ ചോദിക്കു -
വാനും മനുഷ്യനൊരുക്കമാകും
അങ്ങനെ സ്നേഹവുമാനന്ദവും തിങ്ങി
വീണ്ടുമീ ഭൂതലം സ്വര്‍ഗ്ഗമാകും

ഉള്ളടക്കം 

No comments:

Post a Comment