പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

ദൈവികരാജ്യം ഭൂവില്‍ ആഗതമാക്കുവാനായ്
മുന്നിട്ടിറങ്ങിയൊരു സംഘമായ് പരീശന്മാര്‍
പാപികള്‍ നീതിമാന്മാരെന്നിങ്ങനെയന്നാട്ടില്‍
രണ്ടു വിഭാഗങ്ങളായ് ജനത്തെ തിരിച്ചവര്‍

എന്നില്ലാതെയാകുമോ പാപികള്‍ ഭൂവില്‍ നിന്നും
അന്നേ വരികയുള്ളൂ ദൈവികരാജ്യമിഹെ
എന്ന് നിനച്ചുകൊണ്ട് മുന്നിട്ടിറങ്ങിയവര്‍
പാപികളാം ജനത്തെ ഇല്ലായ്മ ചെയ്തീടുവാന്‍

കണ്ടെത്തിയവര്‍ വേഗം സ്വന്തശരീരം വിറ്റ്
ജീവിതം കഴിച്ചിടും അബലയൊരു സ്ത്രീയെ
നാശത്തിലേക്കനേകരെ നയിക്കുന്നുണ്ടവള്‍
ആകയാലൊരു ഭ്രാന്തന്‍ നായയെയെന്നപോലെ

കല്ലെറിയണമെന്ന് കല്‍പ്പിച്ചിട്ടുണ്ട് മോശ
എന്ന്‍ ധരിച്ചിട്ടവര്‍ കല്ലുകളുമായെത്തി
ദേവാലയത്തിന്നങ്കണത്തില്‍ തന്നെയാവണം
ഇപ്പുണ്യകര്‍മ്മം നടക്കേണ്ടതെന്നുറച്ചവര്‍

ഏറ്റം ഭയന്നു വിറച്ചര്‍ദ്ധപ്രാണയായ് ത്തീര്‍ന്ന
സ്ത്രീയെപ്പരിഹസിച്ചു കൊണ്ടവര്‍ ചുറ്റും കൂടി
യേശു ദേവാലയത്തില്‍ ഉണ്ടെന്ന്‍ കേട്ടിട്ടവര്‍
എത്തിതരുണിയുമായ് തന്നുടെ സന്നിധിയില്‍

പാപിയെക്കല്ലെറിയും പുണ്യമാം ദിവ്യകര്‍മ്മം
മഹത്തായ് തുടങ്ങുവാന്‍ യേശുവെ ക്ഷണിച്ചവര്‍
പാപിതാനെന്ന്‍ സ്വയം സമ്മതിച്ചീടും സ്ത്രീയും
നീതിമാന്മാര്‍ തങ്ങളെന്നുറപ്പായ് വിശ്വസിച്ച്

നിന്നിടും പരീശരും യേശുവിന്‍ സന്നിധിയില്‍
കാതോര്‍ത്തു ശ്രദ്ധയോടെ തന്‍ മൊഴി കേള്‍ക്കുവാനായ്
വാക്കില്‍ തന്നെക്കുടുക്കാന്‍ എത്തിയ പരീശരോ
ടേറ്റവും ശാന്തനായി അവിടുന്നുരചെയ്താന്‍

"സമ്മതിക്കുന്നു ഞാനും മോശ കല്‍പ്പിച്ച പോലെ
പാപിയാം മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലണം
എങ്കിലുമുണ്ട് ചെറുപ്രശ്നമൊന്നിക്കാര്യത്തില്‍
കല്ലെറിയുവാന്‍ പാപിയല്ലാത്തൊരാളെ വേണം
പാപമൊന്നുപോലുമൊരിക്കലും ചെയ്യാത്തൊരാള്‍
നീങ്ങിനില്‍ക്കട്ടെ മുന്നോട്ടാദ്യത്തെ കല്ലെറിയാന്‍"

ആര് മുന്നോട്ട് നീങ്ങുമെന്ന് തമ്മില്‍ നോക്കുമ്പോള്‍
യേശുതന്‍ വിരല്‍ കൊണ്ട് മണ്ണിലെഴുതിയിത്
ഈശനല്ലാതെയില്ല ഭൂവിലും സ്വര്‍ഗ്ഗത്തിലും
പാപമേതും ചെയ്യാതെ നന്മ മാത്രം ചെയ്യുവോര്‍

ഉള്ളടക്കം 

No comments:

Post a Comment