ശാബതില്‍ നന്മപ്രവൃത്തികള്‍ ചെയ്യാം

ശാബത് നാളിനെ ശുധീകരിക്കെന്ന
കല്‍പ്പന ഏറ്റം പ്രധാനമെന്ന്‍
അന്ധമായ് വിശ്വസിച്ചേശുവിന്‍ കാലത്ത്
നേതാക്കളാകും പരീശഗണം

യാതൊരു ജോലിയുമാരുമന്നാളതില്‍
ചെയ്തുകൂടെന്ന്‍ വിലക്കിയവര്‍
ചെയ്കിലോ ദൈവകോപം പതിച്ചീടുമാ
നാടിന്മേലെന്നും പഠിപ്പിച്ചവര്‍

യേശുവൊരിക്കല്‍ തന്‍ ശിഷ്യരുമൊത്ത് സു-
ന്നഗോഗിലേക്ക് നടന്നിടുമ്പോള്‍
ഏറ്റം വിശന്നു വശായ ചില ശിഷ്യര്‍
ധ്യാന്യക്കതിര്‍ നുള്ളി വായിലിട്ടു

ഇക്കാഴ്ച കണ്ടു വന്നു പരീശര്‍ ചിലര്‍
വേഗമവരെ തടഞ്ഞു നിര്‍ത്തി
ശാസിച്ചവര്‍: എന്തന്യായം ചെയ്വൂ നിങ്ങള്‍
ശാബത് ലംഘിച്ചിരിക്കുന്നിതാ!

യേശുവുര ചെയ്തു: ഇല്ല പേടിക്കേണ്ട
ദൈവകോപം വരികില്ലിതിന്
ദേവാലയത്തില്‍ ശുശ്രൂഷിക്കുമാചാര്യര്‍
ശാബതില്‍ ജോലികള്‍ ചെയ്കയല്ലേ?

യിസ്രായേലിന്‍ മഹാരാജാവാം ദാവീദ്
ഏറ്റം വിശന്ന് വശം കെട്ടപ്പോള്‍
ഭക്ഷിച്ചില്ലേ ആചാര്യര്‍ മാത്രമാഹരി -
ക്കാനായനുവാദമുള്ളയപ്പം

സുന്നഗോഗിലെത്തിയപ്പോള്‍ കൈ ശോഷിച്ച
യാളെക്കണ്ടേശു അടുത്തുചെന്നു
ശാബതില്‍ സൌഖ്യമേകുന്നത് കല്‍പ്പന
ലംഘനമെന്ന് പരീശരോതി

യേശു മറുപടിയായ് ചൊന്നു ഇങ്ങനെ:
ഇന്ന് കിണറ്റിലൊരാട് വീണാല്‍
ചൊല്ലുവിന്‍ കാക്കുമോ നാളെവരേയ്ക്കുമാ
ആടിനെ പൊക്കി എടുത്തിടുവാന്‍

കല്‍പ്പനകള്‍ ദൈവം തന്നിരിക്കുന്നത്
മാനുഷനന്മയ്ക്ക് വേണ്ടിയല്ലോ
യാഗത്തിലല്ല കരുണയിലാകുന്നു
ഈശന്‍ പ്രീതിപ്പെടുന്നെന്നറിക

ശാബതിനായല്ല നമ്മുടെ ജീവിതം
ശാബത് മാനുഷനന്മയ്ക്കായി
നന്മപ്രവൃത്തികള്‍ ചെയ്തുവേണം നമ്മള്‍
ശാബത് ശുദ്ധമായ്‌ ആചരിപ്പാന്‍

മത്തായി 12 : 1 - 14

ഉള്ളടക്കം 

No comments:

Post a Comment