രണ്ട് ജീവിതപാതകള്‍

ഉണ്ടിരുജീവിതപാതകള്‍ ഒന്നുവി-
ശാലം മറ്റതോ ഇടുങ്ങിയതും
നാശത്തിലേക്കുള്ള പാതയത്രേ ഒന്ന്‍
മറ്റത് ജീവങ്കലേക്കുമത്രേ

ഏറ്റം വിശാലമാം രാജപാതയിലൂ-
ടേറ്റവുമാളുകള്‍ യാത്ര ചെയ്വൂ
നാശത്തിലാണവരെത്തുകയെന്നറി -
യാതവര്‍ യാത്ര തുടര്‍ന്നിടുന്നു

എന്നാലിടുങ്ങിയ പാത കണ്ടെത്തിയ-
തിലൂടെ യാത്ര ചെയ്വോര്‍ ചുരുക്കം
യാത്ര കഠിനമാണെങ്കിലുമെത്തിടും
ലക്ഷ്യസ്ഥാനത്തവര്‍ നിശ്ചയമായ്

മാര്‍ഗ്ഗം സുഖകരമെങ്കിലോ ലക്ഷ്യമേ -
റ്റം ദുഃഖകാരണമായ് ഭവിക്കും
മാര്‍ഗ്ഗം ദുഃഖകരമെങ്കിലോ ലക്‌ഷ്യം സു -
ഖകരമായിടും നിശ്ചയം താന്‍

സമ്പത്തിനും പ്രശസ്തിക്കും സുഖത്തിനും
പിന്നാലെ കൂടുന്നു മിക്കവരും
വ്യര്‍ഥമാക്കി ജീവിതമെന്ന്‍ ദുഖിക്കും
ജീവിതയാത്രയ്ക്കൊടുവിലവര്‍

മത്തായി 7: 13 – 14

ഉള്ളടക്കം 

No comments:

Post a Comment