മനസ്സുകള്‍ പലതരം

വിത്തുവിതച്ചൊരു കര്‍ഷകന്‍ വീണവ
പാടേ വ്യത്യസ്തമാമിടങ്ങളില്‍
പാതയോരത്തും പാറപ്പുറത്തും മുള്‍ച്ചെ -
ടികള്‍ക്കിടയിലും നല്‍നിലത്തും

പാതയില്‍ വീണത് പക്ഷികള്‍ കൊണ്ടുപോയ്
പാറയില്‍ വേര് പിടിച്ചതില്ല
മുള്‍ച്ചെടികള്‍ തടയിട്ടു വളര്‍ച്ചയ്ക്ക്
നന്നായ് വളര്‍ന്നവ നല്‍നിലത്ത്

നല്‍ചിന്തകള്‍ വിത്തുകള്‍ പോലെ വ്യത്യസ്ത -
മാകും മനസ്സുകളില്‍ പതിക്കും
ചിന്ത നന്നെങ്കിലും മാനസം നന്നല്ല
എങ്കിലോ നിഷ്ഫലമാകുമത്

പക്ഷികള്‍ വിത്തുകളെയെന്ന പോലവേ
മാനസത്തില്‍ വീഴും നല്‍ചിന്തകള്‍
ഒന്നാകെ നീക്കിക്കളഞ്ഞിടും ദുഷ്ടന്മാര്‍
ഭൂതലമെങ്ങും നിറഞ്ഞിടുന്നു

വേണ്ടതെല്ലാമറിയാമിനിയൊന്നുമേ
ഇല്ലറിവാനെന്ന് ചിന്തിക്കുവോര്‍
പാറപോലുള്ള മനസ്സുമായ് ജീവിപ്പൂ
നവ്യമാമൊന്നുമറിഞ്ഞിടാതെ

വൈരം നിരാശ ഭയം ദുഃഖമിങ്ങനെ
നാനാതരത്തിലെ മുള്‍ച്ചെടികള്‍
ഒന്നും വളരാനനുവദിച്ചീടാതെ
മാനസത്തെക്കുരുടാക്കിടുന്നു

നല്‍നിലത്തില്‍ വീഴും വിത്തുകളെപ്പോലെ
നന്മനസ്സില്‍ വീഴും ചിന്തകളും
നന്നായ് വളര്‍ന്ന് ഫലമേകിടുമവ
ജീവിതമൈശ്വര്യപൂര്‍ണമാകും

No comments:

Post a Comment